ഹദീസ് ജ്ഞാനത്തിന്റെ മറുവാക്ക്

Hadees
Typography

ഇസ്‌ലാമിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ‘സുന്നത്തി’ന്റെ സംരക്ഷകൻ കൂടിയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തിലേറെ ഹദീസുകൾ ഉൾക്കൊള്ളുന്നതാണ് തിരുനബി(സ്വ)യുടെ സുന്നത്ത്. പ്രവിശാലമായ ഹദീസ് വിജ്ഞാനത്തിന് പരിധി നിശ്ചയിക്കുക സാധ്യമല്ല.

ഹദീസുകളെ ആഴത്തിൽ പഠിച്ചും അപഗ്രഥിച്ചും മനഃപാഠമാക്കിയും മസ്അലകൾ കണ്ടെടുത്തും മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നൽകിയ ഇമാം ശാഫിഈ(റ)യുടെ ഹദീസ് പരിജ്ഞാനത്തിന്റെ അഗാധത അടുത്തറിയുമ്പോൾ ആരും വിസ്മയിക്കും. ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) പത്താം വയസ്സിൽ ഇമാം മാലിക്(റ)വിന്റെ ‘മുവത്വ’യും ഹൃദിസ്ഥമാക്കി. ഇക്കാര്യം താരീഖു ബഗ്ദാദ് 2/63, താരീഖുബ്‌നു അസാകിർ 14/402, സിയർ അഅ്‌ലാമിന്നുബലാഅ്, തർജുമത്തുശ്ശാഫിഈ(റ) അൽബിദായത്തുവന്നിഹായ പോലുള്ളവയിൽ കാണാം.

ജ്ഞാന ദാഹിയായി മദീനയിലെത്തിയ പതിനാലു വയസ്സുകാരനായ ശാഫിഈ(റ)യുടെ നൈപുണ്യവും തന്റെ രചനയായ മുവത്വയുടെ മനഃപാഠവും അറിഞ്ഞ, ഇമാം മാലിക്(റ) ശാഫിഈ(റ)വിനെ ശിഷ്യനായി സ്വീകരിച്ചു. ‘നിങ്ങൾക്ക് സ്തുത്യർഹമായ സ്ഥാനങ്ങൾ കൈവരും. അതിനാൽ അല്ലാഹു നൽകുന്ന പ്രഭയെ ദോഷങ്ങൾ കൊണ്ട് കെടുത്തിക്കളയരുത്’ എന്ന് ഉസ്താദ് ഉപദേശിച്ചു (ശറഹുൽ മുഹദ്ദബ് 1/8).

ഇമാം മാലിക്(റ)വിന്റെ മരണം വരെ, ശാഫിഈ(റ) മദീനയിൽ ജ്ഞാന സമ്പാദനത്തിൽ മുഴുകി. പിന്നെ യമനിലേക്കു പോയി. ശേഷം ഇറാഖിലേക്കും. മുഹദ്ദിസുകളും ഫുഖഹാക്കളുമായ പ്രമുഖ പണ്ഡിതരുമായി ചർച്ച നടത്താനും ജ്ഞാനമണ്ഡലം വികസിപ്പിക്കാനും അതുവഴി സാധിച്ചു. ഇറാഖിൽ ശാഫിഈ(റ) വലിയ പ്രശസ്തി നേടി. ഫിഖ്ഹിന്റെ ഉസ്വൂൽ (നിദാനം) രൂപപ്പെടുത്തിയതു പോലെ ഹദീസ് വിജ്ഞാനത്തിനും നിദാന ശാസ്ത്രത്തിനും (ഉസ്വൂൽ) വലിയ സംഭാവനകൾ നൽകി. ഹദീസ് ഉസ്വൂലിലെ നിരവധി തത്ത്വങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത് ഇമാമായിരുന്നു. അർത്ഥം ഗ്രാഹ്യമല്ലാത്ത ഹദീസുകളുടെ അർത്ഥ-ആശയ തലങ്ങളിലേക്ക് പ്രഗത്ഭ മുഹദ്ദിസുകൾക്കു പോലും വഴിവെട്ടിത്തെളിച്ചു. ഇമാം സുയൂഥി(റ) രേഖപ്പെടുത്തുന്നു: ‘പ്രഗത്ഭരായ മുഹദ്ദിസുകൾ ഇമാം ശാഫിഈ(റ)വിനെ സമീപിച്ചു തങ്ങൾക്കു മനസ്സിലാകാത്ത ഹദീസുകൾ അവതരിപ്പിക്കും. അവർക്കു സംശയമുള്ള പ്രശ്‌നങ്ങളെല്ലാം അദ്ദേഹം കുരുക്കഴിക്കും. ഹദീസുകളുടെ ആശയങ്ങൾ വിവരിക്കുമ്പോൾ അവർ സ്തബ്ധരായി നിന്നുപോകും. അത്ഭുതത്തോടെയാണവർ ആ സദസ്സിൽ നിന്ന് പിരിഞ്ഞുപോവാറുള്ളത്’ (തദ്‌രീബുറാവി പേ: 81, ഇമാം സുയൂഥി).

ഹദീസ് വിജ്ഞാനീയത്തിലെ അഗാധതയും ഔന്നത്യവും കാരണം ‘നാസ്വിറുൽ ഹദീസ്’ എന്ന അപര നാമത്തിലാണ് ഇറാഖിൽ ഇമാം ശാഫിഈ(റ) വിശ്രുതനായത്. ശാഫിഈ മദ്ഹബ് സ്വീകരിച്ചവർ ‘അസ്വ്ഹാബുൽ ഹദീസ്’ എന്ന പേരിലും അറിയപ്പെട്ടു. ഹദീസ് ശാസ്ത്രത്തിന്റെ നേതൃത്വത്തെ വിസ്മയിപ്പിക്കുന്ന അവഗാഹമാണ് ശാഫിഈ(റ) പ്രകടിപ്പിച്ചത്. പത്തു ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറഞ്ഞതു നോക്കൂ:

‘ഇമാം ശാഫിഈ(റ) അല്ലാഹുവിന്റെ കിതാബിലും നബി(സ്വ)യുടെ സുന്നത്തിലും ജനങ്ങളിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ള ആളാണ്. ഹദീസ് ശേഖരണത്തിൽ കുറഞ്ഞതുകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടിരുന്നില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 55, ഇമാം അബൂഹാതമുർറാസി).

ബഗ്ദാദിന്റെ ചരിത്രം രചിച്ച വലിയ പണ്ഡിതനായ അൽഹാഫിള് ഖത്വീബുൽ ബഗ്ദാദി, ഹദീസ് വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)വിന്റെ മികവും കഴിവും പ്രമാണികതയും സമർത്ഥിച്ചുകൊണ്ട് ‘അൽഇഹ്തിജാജു ബിൽ ഇമാമിശ്ശാഫിഈ’ എന്ന ബ്രഹത്തായ ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ദഹബി തന്റെ ഹദീസ് നിരൂപണ ഗ്രന്ഥങ്ങളായ തദ്കിറത്തുൽ ഹുഫാള്, സിയറു അഅ്‌ലാമിന്നുബല, തഹ്ദീബുത്തഹ്ദീബ്, താരീഖുൽ ഇസ്‌ലാം, ത്വബഖാതുൽ ഖുറാഅ് എന്നിവയിൽ ഇമാം ശാഫിഈ(റ)ന്റെ ഹദീസ് പാണ്ഡിത്യത്തെയും പ്രാമാണികതയെയും ശക്തിയുക്തം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: ‘പൂർവികരായ പണ്ഡിത മഹത്തുക്കൾ ഏകകണ്ഠമായി പറഞ്ഞതിൽ നിന്നു ബോധ്യപ്പെടുന്നത്, ഇമാം ശാഫിഈ(റ) വിശ്വസ്ത പ്രമാണമാണെന്നാണ്. കഠിന അസൂയാലുവോ, പരമ വിഡ്ഢിയോ അല്ലാതെ ഒരാളും അദ്ദേഹത്തെക്കുറിച്ച് വിപരീതമായ ഒന്നും പറഞ്ഞിട്ടില്ല. ഹദീസ് വിജ്ഞാനത്തിൽ അദ്ദേഹം കിടയറ്റ ഹാഫിളാണ്’ (സിയറു അഅ്‌ലാമിന്നുബലാഅ്).

തഹ്ദീബു താരീഖുദിമശ്ഖ് 2/20-ൽ പറയുന്നു: ‘ഒരാളെപ്പറ്റി ഹാഫിള് എന്നു പറയണമെങ്കിൽ മിക്ക ഹദീസുകളും അവയുടെ നിദാന ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയിരിക്കണം. ഒരു ലക്ഷമെന്നോ മറ്റോ എണ്ണം നിർണയിക്കാവതല്ല; ചിലരുടെ പക്ഷപ്രകാരം ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയവന് ഹാഫിള് എന്ന സ്ഥാനം ലഭിക്കുന്നതാണ്.’ എന്നാൽ ഈ പ്രയോഗത്തിന്റെ എത്രയോ മേലെയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തോളം ഹദീസുകൾ ഹൃദിസ്ഥമാക്കി അദ്ദേഹം. അതോടൊപ്പം, ഇതര ഹദീസ് നിപുണരിൽ നിന്ന് വ്യത്യസ്തമായി ഇമാം ശാഫിഈ(റ) ഹദീസ് അപഗ്രഥനത്തിൽ അഗ്രഗണ്യനായിരുന്നു. തനിക്കു ലഭിച്ച സ്വഹീഹായ ഹദീസുകളെ അന്യൂനമായി, അപഗ്രഥിക്കാൻ ഇമാമിനോളം പോന്നവർ ഇല്ലായിരുന്നു. ഇമാം അബൂഹനീഫ(റ) ഖിയാസിനു (താരതമ്യ പഠനത്തിന്) മുൻതൂക്കം നൽകിയും ഇമാം മാലിക്(റ) മദീനാ നിവാസികളുടെ ചര്യകളിൽ ഊന്നി നിന്നുകൊണ്ടും കർമശാസ്ത്രത്തെ അപഗ്രഥിച്ച് വിധികൾ കണ്ടെടുത്തപ്പോൾ, ഇമാം ശാഫിഈ(റ) ഹദീസുകളുടെ അപഗ്രഥനത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഹദീസടക്കമുള്ള പ്രമാണങ്ങളെ കിടയറ്റ രീതിയിൽ വിശകലനം നടത്തുന്ന ഇജ്തിഹാദിന് ‘ഫിഖ്ഹുൽ ഹദീസ്’ എന്നാണ് പറയുക. ഹദീസുകളുടെ ഭാഷാർത്ഥത്തിനപ്പുറം സാഹചര്യങ്ങളും ചരിത്രങ്ങളും പശ്ചാത്തലങ്ങളും മറ്റു വൈജ്ഞാനിക ഘടകങ്ങളും ഉൾകൊണ്ട് ഹദീസുകൾ നൽകുന്ന ആശയ സാഗരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. സകല വിജ്ഞാന ശാഖകളിലും അവഗാഹമുള്ളവർക്കേ ഇതിന് നന്നായി സാധിക്കുകയുള്ളൂ. ഈ ദൗത്യമാണ് ഇമാം ശാഫിഈ(റ)യിലൂടെ സാർത്ഥകമായത്.

വ്യാഖ്യാനത്തിന് വെളിച്ചം കിട്ടാതെ മൂടിക്കിടന്ന പല പ്രബല ഹദീസുകളെയും ഇമാം ശാഫിഈ(റ) തന്റെ വൈജ്ഞാനിക കരുത്ത് കൊണ്ട് മലർക്കെ തുറന്നുകൊടുത്തു. ഇമാം ശാഫിഈ (റ)വിന്റെ ഗുരു മുഹമ്മദുബ്‌നുൽ ഹസനിശ്ശൈബാനി(റ) പറഞ്ഞു.

‘ഹദീസ് വക്താക്കൾ എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അതു ശാഫിഈ(റ)വിന്റെ നാവുകൊണ്ടായിരിക്കും’ (തവാലിത്തഅ്‌സീസ്, ഇമാം ഹാഫിള് ഇബ്‌നുഹജർ-റ, പേ: 55).

ഇമാം ഹിലാലുബ്‌നു അലാഅ്(റ) പറഞ്ഞത് ശ്രദ്ധേയമാണ്: ‘ഇമാം ശാഫിഈ(റ)വിനു അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹമാണ് ഹദീസ് വക്താക്കൾക്ക് പൂട്ടുകൾ തുറന്നുകൊടുത്തത്’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി-റ, 1/64).

വിജ്ഞാനത്തിന്റെ പ്രപഞ്ചം കൈവശമുണ്ടായിരുന്നവരാണ് പ്രമാണങ്ങളിൽ നിന്ന് മതവിധികൾ കണ്ടെടുത്തത്. മുജ്തഹിദെന്ന അത്യുന്നത പദവിയിൽ ഇവർക്കാണ് എത്തിച്ചേരാനാവുക. ഒരു ലക്ഷം ഹദീസ് മന:പാഠമുള്ള വ്യക്തിക്കു ഇജ്തിഹാദ് നടത്താമോ എന്ന ചോദ്യത്തിന് ഇമാം അഹ്മദുബ്‌നു ഹമ്പൽ മറുപടി നൽകിയത് രണ്ടോ മൂന്നോ നാലോ ലക്ഷം ഹദീസുകൾ മന:പാഠമുണ്ടെങ്കിലും ഇജ്തിഹാദ് സാധ്യമല്ലെന്നാണ്’ (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1/150).

ഒരു മതവിധി അപഗ്രഥിച്ചെടുക്കാൻ, പത്തു ലക്ഷം ഹദീസുകൾ മന:പാഠമുള്ള ഇമാം ശാഫിഈ(റ) മൂന്നു തവണ ഖുർആൻ ഓതുമായിരുന്നു എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ട്. ‘മുന്നൂറ് തവണ ഖുർആൻ ഓതിയതിന് ശേഷമാണ് ഇജ്മാഅ് ദീനിൽ തെളിവാണെന്ന് ഖുർആൻ അടിസ്ഥാനമാക്കി ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചത്’ (തഫ്‌സീറുറാസി 11/43).

കേവലം ഹദീസുകൾ സമാഹരിക്കുന്നതിലോ മന:പാഠമാക്കുന്നതിലോ ആയിരുന്നില്ല ഇമാമവർകളുടെ ശ്രദ്ധ. ലഭിച്ച സ്വഹീഹായ ഹദീസുകളെ, മുഴുവൻ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി, ഇഴ കീറി നിദാനങ്ങളും (ഉസ്വൂലുകളും) മതവിധികളും കണ്ടെടുക്കുന്നതിലായിരുന്നു. അതിനാലാണ് ഹദീസ് റിപ്പോർട്ടിംഗിന്റെ ശ്രേണിയിൽ ശാഫിഈ(റ) അധികമൊന്നും കടന്നുവരുന്നില്ല. ഹദീസുകൾ സമാഹരിച്ചു പ്രചരിപ്പിക്കുന്ന വഴി സ്വീകരിക്കാതിരുന്നപ്പോൾ തന്നെ, ഹദീസ് വിജ്ഞാനീയത്തെ സജീവമാക്കി തേജസ്സുറ്റതാക്കാൻ ഇമാമിന് സാധിച്ചു. ഹസനുബ്‌നു മുഹമ്മദുശ്ശഅ്ഫറാനി(റ) പറഞ്ഞു:

‘ഹദീസ് പണ്ഡിതന്മാർ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ(റ)യാണ് അവരെ തട്ടി ഉണർത്തിയത്, അഹ്മദുബ്‌നു ഹമ്പലി(റ)ന്റെ വാക്കുകൾ: ‘വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)യുടെ സംഭാവന അതുല്യമായതിനാൽ അദ്ദേഹത്തോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പർശിച്ചിട്ടില്ല.’

ഹദീസ് സമാഹരണത്തിൽ അത്യാർത്തി കാണിച്ച ഇമാം ശാഫിഈ(റ)ന്റെ ശ്രമത്തെ പല പണ്ഡിതരും വാനോളം പുകഴ്ത്തി എഴുതിയിട്ടുണ്ട്. ഹാഫിള് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) പറയുന്നു: ”ഇമാം ശാഫിഈ(റ) പരമാവധി സമ്പാദിക്കുന്ന പ്രകൃതിക്കാരനായിരുന്നു. എന്നാൽ പല മുഹദ്ദിസുകളും ചെയ്യാറുള്ളതുപോലെ ശൈഖുമാരുടെ എണ്ണം വർധിപ്പിക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നു. ഫിഖ്ഹ് അപഗ്രഥനത്തിൽ ഇമാമവർകൾ വ്യാപൃതനായതാണ് കാരണം’ (തവാലിത്തഅ്‌സീസ്/53).

ഇമാം നവവി(റ)വിന്റെ വീക്ഷണം നോക്കൂ; ‘സ്വഹീഹായ ഹദീസുകൾ മുഖവിലക്കെടുക്കുകയെന്നത് ഇമാം ശാഫിഈ(റ)വിന്റെ ശ്രേഷ്ഠതകളിൽ ഒന്നായിരുന്നു. അടിസ്ഥാനമില്ലാത്തവയും ദുർബലമായവയും അദ്ദേഹം അവഗണിക്കുമായിരുന്നു. സ്വഹീഹും അല്ലാത്തതും വേർതിരിച്ചു ഗ്രഹിക്കുന്നതിലും സ്വഹീഹ് മാത്രം പരിഗണിക്കുന്നതിലും ഇമാം ശാഫിഈ(റ)വിന്റെയത്ര കണിശത പാലിച്ച മറ്റൊരു ഫഖീഹിനെയും എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഈ ശൈലി വളരെ വ്യക്തമാണ്. പിൽകാലത്ത് വന്ന നമ്മുടെ പല വക്താക്കളും ഇക്കാര്യത്തിൽ ഇമാമിന്റെ മാർഗം വേണ്ടത്ര പിന്തുടർന്നിട്ടില്ല’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി 1/51).

ഹദീസുകൾ ലഭിക്കാൻ രാത്രികൾ പകലാക്കിയിട്ടുണ്ട് ഇമാം. അന്വേഷണ യാത്രകൾ നിരന്തരമുണ്ടായിരുന്നു. ഇമാം മുസ്‌നി പറഞ്ഞു: ‘ഇമാം ശാഫിഈ(റ) പറയുന്നതു ഞാൻ കേട്ടു. ഒരൊറ്റ ഹദീസിനു വേണ്ടി ഞാൻ പല രാത്രികൾ സഞ്ചരിച്ചിട്ടുണ്ട്’ (തവാലിത്തഅ്‌സീസ്/52).

BLOG COMMENTS POWERED BY DISQUS