Warning: count(): Parameter must be an array or an object that implements Countable in /misc/10/000/208/119/1/user/web/786.sunnionlineclass.com/libraries/cms/application/cms.php on line 464

അനുരാഗത്തിന്റെ ഉള്‍പ്രവാഹങ്ങള്‍

Muhammad (SA)
Typography


(മുഹമ്മദ് ഫാറൂഖ് നഈമി ): തിരുനബി മുഹമ്മദ് (സ്വ)യെ അല്ലാഹു ഭൂമിയില്‍ നിയോഗിച്ചത് അവന്റെ ശരീഅത്ത് പ്രയോഗിച്ചുകാണിക്കാന്‍ വേണ്ടിയാണ്. ഈയൊരു ദൗത്യത്തിന് നിയോഗിക്കപ്പെട്ട നബിയുമായി ലോകത്തിനുള്ള ബന്ധത്തെ നിര്‍വചിച്ചത് നേതാവും അനുയായികളും തമ്മിലുള്ള ബന്ധമായിട്ടല്ല.

നേതാവിന് അനുയായികളുമായുള്ള ബന്ധത്തില്‍ വലിയ അകലമുണ്ട്. നിയമപാലകനും നിയമമനുസരിക്കുന്നവരും തമ്മിലുള്ള ബന്ധമാവുമ്പോള്‍ ഒരു ബലപ്രയോഗത്തിന്റെ നില വരും. പോലീസുകാരനെ അനുസരിക്കുന്നതു പോലെ.

നീണ്ടുനില്‍ക്കേണ്ട മാറ്റത്തിന് കര്‍ക്കശരീതി പ്രായോഗികമല്ല. അതുകൊണ്ടുതന്നെ അനുസരിക്കപ്പെടേണ്ട നേതാവിന് ആദ്യം ഹൃദയത്തില്‍ ഇടം കൊടുക്കുന്ന രീതിയാണ് ഇസ്‌ലാമില്‍ സ്വീകരിക്കപ്പെട്ട അടിസ്ഥാന വഴി. എല്ലാവര്‍ക്കുമറിയാവുന്ന ഹദീസുണ്ട്. എല്ലാവരെക്കാളും തിരുനബി(സ്വ)യെ ഇഷ്ടപ്പെടുന്നത് വരെ ഈമാന്‍ (ഇസ്‌ലാമിക വിശ്വാസം) ഈമാനാവില്ല എന്നാണ് അതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം. ഈമാന്‍ പൂര്‍ത്തിയാവില്ല എന്നാണ് പല പണ്ഡിതന്മാരും അര്‍ത്ഥം പറയാറുള്ളത്. അത് സൂക്ഷ്മത പരിഗണിച്ചുള്ള അര്‍ത്ഥമാണ്. ഇമാം ബുഖാരി(റ) ഈ ഹദീസ് ചേര്‍ത്തിരിക്കുന്നത് സ്വഹീഹുല്‍ബുഖാരിയിലെ കിതാബുല്‍ഈമാന്‍ എന്ന അദ്ധ്യായത്തിലാണ്. അതേ ഹദീസ് ഒന്നിലേറെ പ്രാവശ്യം ആവര്‍ത്തിച്ചതായും കാണാം.

അപ്പോള്‍ ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് നബി(സ്വ)യെ സ്‌നേഹിക്കുക എന്നത്. അനുരാഗിയുടെ പ്രണയസല്ലാപത്തില്‍ ന്യായാന്യാങ്ങളന്വേഷിക്കുന്നത് നിരര്‍ത്ഥകമാണ്. പ്രത്യക്ഷത്തില്‍ ന്യായമാണെന്ന് തോന്നാത്ത കാര്യങ്ങള്‍പോലും ഒരനുരാഗിയില്‍ കാണാം. ഇമാം ബൂസ്വൂരി(റ) പറയുന്നു: എന്നെ ഈ പ്രേമത്തിന്റെയും അനുരാഗത്തിന്റെയും പേരില്‍ കുറ്റപ്പെടുത്തുന്നവനേ, ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിനക്കെന്നെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നീ പറയുന്നത് പ്രത്യക്ഷത്തില്‍ ന്യായങ്ങളാണെങ്കിലും ഒരനുരാഗിക്ക് ഇതൊന്നും ന്യായമല്ല. കാരണം തിരുനബി(സ്വ)യെ ഞാന്‍ കാണുന്നത് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഒരു മേലുദ്യോഗസ്ഥനായിട്ടല്ല. എന്റെ ഹൃദയത്തിലേക്ക് തിരുനബി(സ്വ)തങ്ങളെ ഞാന്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നതാണ് ന്യായം.

ഈ ബോധം വിശ്വാസിയിലുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ തിരുനബി(സ) നിര്‍ദ്ദേശിച്ച നിയമങ്ങള്‍ സ്വീകരിക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല. തിരുനബിയുടെ പ്രബോധനത്തിന്റെ ആദ്യത്തെ പത്തുവര്‍ഷം ഈ രീതിയിലുള്ള ബന്ധം സ്ഥാപിക്കാനാണ് ശ്രമിച്ചത്. അല്ലാതെ നേരിട്ട് നിയമം നടപ്പിലാക്കുകയല്ല. ഇസ്‌ലാമിക ശരീഅത്തിന്റെ രൂപീകരണം നടക്കുന്നത് മദീനയിലാണ്. അതിനുമുമ്പുള്ള കാലഘട്ടം മുഴുവനും പ്രബോധിതരെ അല്ലാഹുവിനോടും തിരുനബിയോടും പ്രണയമുള്ളവരാക്കി മാറ്റുവാനാണ് ശ്രമിച്ചത്. ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് തിരുനബി(സ്വ) അത് സാധ്യമാക്കിയത്.

തിരുനബി(സ്വ)യെ സ്വീകരിക്കേണ്ടത് ഒരു സ്‌നേഹകേന്ദ്രമായിട്ടാണെന്ന് വന്നാല്‍ പിന്നെ വിശ്വാസികള്‍ക്ക് ഒരു പ്രസ്താവന മതിയാകും. ഏതെങ്കിലുമൊരു കാര്യം തിരുനബിക്ക് ഇഷ്ടമല്ല എന്നുവന്നാല്‍ പിന്നെ അനുരാഗികളും അതു വേണ്ടെന്നുവെക്കും. ഒരു കാര്യം ഇഷ്ടമല്ലെന്നാണെങ്കില്‍ തനിക്കുമതു വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് അനുരാഗികള്‍ ഉയരും. പേടിപ്പെടുത്തി അനുസരിപ്പിക്കുന്നത് അനുരാഗമല്ല.

ഇഷ്ടപ്പെട്ട ഒരാളുടെ ജീവിതവഴിയെ അനുധാവനം ചെയ്യുന്നതിനാണ് ഇത്തിബാഅ് എന്നുപറയുക. തിരുനബിയുടെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നതിനേക്കാള്‍ തങ്ങളെ ഇത്തിബാഅ് ചെയ്യാനാണ് താല്‍പര്യപ്പെട്ടിരിക്കുന്നത്. അനുകരണമാണ് നിര്‍ദ്ദിഷ്ടവഴി. അനുകരിക്കുന്ന ആളില്‍നിന്നാണ് മുന്‍കൈയുണ്ടാവുന്നത്. അനുകരിക്കപ്പെടുന്നയാള്‍ മാതൃകയായി ജീവിച്ചുപോവുകയാണ്. ഇഷ്ടപ്പെടുന്നയാളിന്റെ ചൊല്ലുകളും ചേലുകളുമൊക്കെ ഓരോന്നായി സ്വന്തമായി സ്വീകരിച്ച് ജീവിക്കുന്നു. ഇത്തിബാഅ് സ്‌നേഹത്തിലധിഷ്ഠിതമായ കൂടിച്ചേരലാണ്.

തിരുനബി(സ്വ) ഇസ്‌ലാം ലോകത്തിന് കൈമാറിയത് ഇതിബാഇന്റെ വഴിയിലൂടെയാണ്. തങ്ങളുടെ ഭക്ഷണരീതി അനുചരന്മാര്‍ മടിയേതുമില്ലാതെ സ്വീകരിക്കുന്നു. സുന്നത്തുകളൊന്നും നിങ്ങളിങ്ങനെ ചെയ്‌തോളൂ എന്ന് കൂടെക്കൂടെ പറഞ്ഞ് ചെയ്യിക്കുകയായിരുന്നില്ല, നബി(സ്വ) ചെയ്യുമ്പോഴേക്കും അവര്‍ അതനുകരിക്കുകയായിരുന്നു. ഈ തിടുക്കം സ്വഹീഹുല്‍ബുഖാരിയില്‍ കാണാം: ഒരു നിസ്‌കാരത്തിന് തിരുനബി(സ്വ) ചെരിപ്പൂരി. അപ്പോള്‍ അനുചരന്മാരും ചെരിപ്പൂരി. നിങ്ങളെന്തേ ചെരിപ്പൂരി എന്ന് ചോദിച്ചു തിരുനബി. അങ്ങ് ചെരിപ്പൂരിയല്ലോ എന്നായിരുന്നു അവരുടെ ന്യായം. ചെരിപ്പില്‍ മാലിന്യമുണ്ടായിരുന്നതുകൊണ്ടാണ് നബി(സ) ചെരിപ്പൂരിയത്. ഒരു ന്യായവും നോക്കാതെ അനുചരന്മാരും ചെരിപ്പൂരിയത് നബിക്ക് ഇഷ്ടപ്പെടാതിരുന്നിട്ടുമില്ല. വസ്ത്രധാരണത്തിലായാലും ഇരിപ്പിലായാലും നടപ്പിലായാലും ഭാഷയിലായാലുമെല്ലാം സമ്പൂര്‍ണ്ണമായ ഒരനുകരണമായിരുന്നു സ്വഹാബിമാരുടേത്. അതുകൊണ്ടുതന്നെ സ്വുഹ്ബത്താണ് തിരുനബി(സ)യുടെ ശിഷ്യഗണത്തിന്റെ ബിരുദം, സഹവാസം. ഇത് മുഅല്ലിമും മുതഅല്ലിമും തമ്മിലുള്ള ബന്ധമല്ല. വിധികര്‍ത്താവും വിധിഅനുസരിക്കുന്നവരും തമ്മിലുള്ള ബന്ധവുമല്ല.

അനന്തരതലമുറയെ താബിഅ് എന്നാണ് വിളിക്കുന്നത്. സഹവസിച്ച് ഇസ്‌ലാം ശീലിച്ചവരെ കണ്ട് പകര്‍ത്തിയവരാണവര്‍. പിന്നത്തെ തലമുറ താബിഉത്താബിഅ്. കണ്ടുപകര്‍ത്തിയവരെ കണ്ട് പകര്‍ത്തിയവര്‍. അവിടെയൊന്നും നിയമത്തിന്റെ പദാവലിയോ നിഷ്‌കര്‍ഷയോ ഒന്നുമില്ല. പില്‍ക്കാലത്താണ് അതൊക്കെ അനിവാര്യമായി വരുന്നത്. പൂര്‍ണ്ണമായി അനുധാവനം ചെയ്യാവുന്ന ഒരു തലമുറയുടെ അഭാവത്തില്‍ ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രിക്കേണ്ടിവന്നു. ഹലാല്‍, ഹറാം, കറാഹത്ത് ഒക്കെ നിയമരൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു.

തിരുനബി(സ്വ) എങ്ങനെയാണ് നിസ്‌കരിച്ചിരുന്നതെന്ന ആഖ്യാനം മാത്രമേ ഹദീസിലുള്ളൂ. നിസ്‌കാരത്തിന്റെ ഫര്‍ള്, ശര്‍ത്വ് തുടങ്ങിയതൊന്നും ഹദീസിന്റെ പ്രത്യക്ഷവായനയില്‍ കാണില്ല. സ്വഹാബിമാര്‍ തിരുനബി ചെയ്യുമ്പോലെ ചെയ്യുകയായിരുന്നു. പില്‍ക്കാലത്ത് ഇങ്ങനെ കണ്ടുതുടരാന്‍ പറ്റിയ ഒരു തലമുറയില്ലാതെവന്നു. അപ്പോള്‍ ഫര്‍ള്, ശര്‍ത്വ് തുടങ്ങിയവയുടെ ചട്ടക്കൂടുണ്ടാക്കേണ്ടി വന്നു. ചില കാര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല, ചിലത് ഐഛികമാണ് എന്നിങ്ങനെ ചട്ടസ്വഭാവത്തിലേക്ക് മാറ്റിയെഴുതേണ്ടി വന്നു.

കവിതപോലെ മനോഹരമായ ജീവിതാനുഭവങ്ങള്‍ തിരുനബിയനുരാഗികളായ അനുചരന്മാരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട്. ഹുദൈബിയ സന്ധിയുടെ സമയം. ഉസ്മാന്‍(റ)വാണ് സ്വഹാബിമാരുടെ പ്രതിനിധിയായി മക്കക്കാരോട് സംസാരിക്കാന്‍ പോയത്. സ്വഹാബിമാര്‍ ഹുദൈബിയയില്‍ തന്നെ. ഉസ്മാന്‍(റ) മക്കയിലുമാണുള്ളത്. സ്വഹാബിമാര്‍ക്കിടയില്‍ ഒരു ചര്‍ച്ച ഉയര്‍ന്നുവന്നു. ഉസ്മാന്‍(റ)വിന് ഉംറക്ക് അവസരം ലഭിക്കുന്നു. മദീനയില്‍ നിന്ന് ഇവിടെ വരെ വന്നിട്ടും നമുക്കതിന്നവസരം ലഭിക്കുന്നില്ല. തിരുനബിയുടെ അടുത്ത് വരെ വിഷയമെത്തി. ഉസ്മാന്‍(റ) തിരിച്ചുവന്നു. തല്‍ക്കാലം തിരിച്ചുപോകാനായിരുന്നല്ലോ തീരുമാനം. ഉസ്മാന്‍(റ)നോട് നിങ്ങള്‍ ഉംറ നിര്‍വ്വഹിച്ചുവോ എന്ന് ചോദിച്ചു. തിരുനബി(സ്വ) ചെയ്യാതെ ഞാനെങ്ങനെ ഉംറ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഅ്ബയുടെ മുറ്റത്തെത്തിയ ഉസ്മാന്‍(റ)ന് വ്യക്തിപരമായ നിലയില്‍ നിര്‍വ്വഹിക്കാമായിരുന്ന ഉംറ തിരുനബി(സ) നിര്‍വ്വഹിക്കുന്നില്ലെന്ന കാരണത്താല്‍ താനും ചെയ്യുന്നില്ലെന്നു നിശ്ചയിക്കുന്നത് ആ സ്‌നേഹബന്ധത്തിന്റെ ഇഴയടുപ്പം കൊണ്ടാണ്.

സിദ്ദീഖ്(റ)ന്റെ ഉപ്പ അബൂഖുഹാഫ ഇസ്‌ലാമിലേക്ക് വരുന്നു. ഒരു മകനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിക്കേണ്ട സന്ദര്‍ഭം. പിതാവിന്റെ വരവ് ഏറെ കാലത്തെ സ്വപ്‌നമാണ്. അബൂഖുഹാഫ(റ) കലിമ ചെല്ലുമ്പോള്‍ സിദ്ദീഖ്(റ)വിന് സന്തോഷമുണ്ടെങ്കിലും വലിയ ആവേശമൊന്നും കാണുന്നില്ല. തിരുനബി(സ്വ) കാരണമന്വേഷിക്കുന്നു. ഞാനും അങ്ങും ഒരേ കാര്യങ്ങള്‍ ആഗ്രഹിച്ചവരാണ്. എന്റെ വാപ്പ കലിമ ചൊല്ലണമെന്ന് ഞാനാഗ്രഹിച്ചു. അങ്ങയുടെ മൂത്താപ്പ കലിമ ചൊല്ലണമെന്ന് അങ്ങും ആഗ്രഹിച്ചു. എന്നാല്‍ അങ്ങയുടെ മൂത്താപ്പ അബൂത്വാലിബ് കലിമ ചൊല്ലാതെയാണ് മരിച്ചത്. ആ സന്തോഷം അങ്ങേക്ക് കിട്ടിയില്ല. ആ നിലക്ക് എന്റെ വാപ്പ കലിമ ചൊല്ലുമ്പോള്‍ ഞാനതില്‍ എങ്ങനെയാണ് ആനന്ദിക്കുക.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തിരുനബി(സ്വ) വഫാത്തായി. അബുബക്കര്‍ സിദ്ദീഖ്(റ) മക്കത്തേക്ക് വരുന്നു. അബൂഖുഹാഫ(റ)വിന് കാഴ്ചയില്ല. മകന്‍ വരുന്ന സമയത്ത് വാപ്പ എഴുന്നേറ്റുനിന്നു. മകനാണെങ്കിലും സ്ഥാനവും അറിവുമുള്ളയാളാണല്ലോ. മകന്‍ വാഹനത്തില്‍ നിന്നിറങ്ങി തിരിച്ചും ആദരിച്ചു. കൂടിനില്‍ക്കുന്നവര്‍ തിരുനബി(സ്വ)യുടെ കൂട്ടുകാരന്‍ വരുന്നുവെന്ന് ആവേശം കൊണ്ടു. ഇത് കേള്‍ക്കേണ്ട താമസം അബൂബക്കര്‍ സിദ്ദീഖ്(റ) കരഞ്ഞുപോയി. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെന്നെ അബൂബക്കറെ എന്നുവിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ കരയുമായിരുന്നില്ല. നിങ്ങളെന്നെ ഇബ്‌നു അബീഖുഹാഫ എന്നുവിളിച്ചിരുന്നുവെങ്കിലും ഞാന്‍ കരയുമായിരുന്നില്ല. നിങ്ങളെന്നെ തിരുനബി(സ്വ)യിലേക്ക് ചേര്‍ത്തുവിളിച്ചല്ലോ. അപ്പോള്‍ തിരുനബി(സ്വ) ഒന്നാകെ എന്റെ ഓര്‍മയിലേക്ക് വന്നു. ഈ താഴ്‌വാരത്ത് നില്‍ക്കുമ്പോള്‍ ഏറ്റവും പ്രയാസമുള്ളൊരു സന്ദര്‍ഭമാണോര്‍ത്തത്. ഞങ്ങള്‍ രണ്ടുപേരും സൗര്‍ ഗുഹയിലിരുന്ന സംഭവം. അന്ന് തിരുനബി ഇരുന്ന ആ ഗുഹാമുഖത്താണ് എതിരാളികള്‍ മേലെയിരുന്നൊഴിച്ച മൂത്രം വന്ന് തളം കെട്ടിനിന്നത്. അത്രയുമടുത്തായിരുന്നു അവര്‍. അല്ലാഹു തആല അവിടെ അപ്പോഴൊരു ചെടി മുളപ്പിച്ച് ഇല വിരിയിച്ച് തിരുനബിയെ മറച്ചു. തിരുനബി(സ്വ)യുടെ കൂട്ടുകാരാ എന്ന സംബോധന കേള്‍ക്കുമ്പോള്‍ തന്നെ അവിടുന്ന് ഓര്‍മ്മയില്‍ നിറയുകയാണ്. ഇത് പ്രേമത്തിന്റെ ഏറ്റവും ഉയര്‍ന്ന ഒരു അവസ്ഥയാണ്. അതിന് അറബിയില്‍ വജ്ദ് എന്ന് പറയും. അതാണ് സിദ്ദീഖ് (റ)വിനുണ്ടായത്.

ഇമാം മാലിക്(റ)വിനും അദ്ദേഹത്തിന്റെ ഉസ്താദ് നാഫിഅ്(റ)വിനുമെല്ലാം ഹദീസ് ഓതിക്കൊടുക്കുന്ന സമയത്ത് തിരുനബി(സ്വ)യെ കുറിച്ചു പറയുമ്പോഴൊക്കെ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ബോധം കെട്ടുവീഴും. തിരുനബി(സ്വ)യുടെ പേരുപറയുമ്പോഴേക്ക് ഓര്‍മകള്‍ ഒന്നിച്ച് അനുരാഗിയില്‍ വന്നുനിറയുന്ന അവസ്ഥ. വേറൊന്നും കാണാനും പറയാനും അവര്‍ക്ക് കഴിയില്ല. അനുഭവത്തിന്റെ പരിമിതിയുള്ളതുകൊണ്ട് ഉദ്ധരിക്കാനേ നമുക്ക് കഴിയുകയുള്ളൂ. മുഹബ്ബത്ത്, ഇശ്ഖ് തുടങ്ങിയ പദങ്ങള്‍ വഹിക്കുന്നതിനേക്കാള്‍ ഉദാത്തമായ പ്രണയാവസ്ഥയെ സൂചിപ്പിക്കുന്നു വജ്ദ്.

കാവ്യാത്മകമായ പ്രണയാനുഭവത്തില്‍ നിന്ന് നമുക്ക് കവിതയിലേക്കു വരാം. തിരുനബി വഫാതായതിനു ശേഷം ഹസ്സാനുബ്‌നു സാബിത്(റ) ഖബ്‌റ് ശരീഫിന്റെ അടുത്ത് വന്ന് തിരുനബിയെ വിളിച്ച് ചോദിക്കുന്നു: എന്താണെനിക്ക് ഉറക്കം വരാത്തത്. ഉറക്കിനെ തടസ്സപ്പെടുത്തുന്ന സുറുമ കണ്ണിലുള്ളതുകൊണ്ടാണോ എന്ന് ചോദിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. ഒടുവില്‍, ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് തിരുനബി(സ്വ)യുടെ വഫാതിന്റെ വേദന താങ്ങേണ്ടി വരില്ലായിരുന്നു. എനിക്കീ ജന്മം തന്നെ വേണ്ടായിരുന്നു. ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍, ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍… അങ്ങനെ ആ ദുഖാവിഷ്‌കാരം കനത്തുകനത്ത് വരുന്നു. അവസാനം, തിരുനബി(സ്വ)യുടെ കാലത്തിനു മുമ്പേ ഞാന്‍ മരണപ്പെട്ടുപോവുകയും എന്നെ ഇവിടെതന്നെ ഖബ്‌റടക്കുകയും ഞാന്‍ മണ്ണായിപ്പോയതില്‍ പിന്നീട് തിരുനബിയെ കിടത്താന്‍ വേണ്ടി ഇതേ സ്ഥലം കുഴിച്ച് ഞാനാകുന്ന മണ്ണില്‍ തിരുനബിയെ കിടത്തുകയും ചെയ്തിരുന്നെങ്കില്‍ എന്നു കൊതിക്കുകയാണ്. ഹസ്സാനുബ്‌നു സാബിത്തിന്റെ തിരുനബിസ്‌നേഹം നിറയുന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്.

ഇന്ന് നബി(സ്വ)യോടുള്ള സ്‌നേഹം പ്രകാശിപ്പിക്കുന്ന വരികള്‍ കൂടുതലായി ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയും അതൊക്കെ കൂടുതലായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ സ്‌നേഹത്തിന്റെ ഭാഗമാണ്. പക്ഷേ സ്‌നേഹത്തിന്റെ ഏറ്റവും ഒരു ഉന്നതമായ തലം ആ തിരുനബി(സ്വ)യുടെ ജീവിതത്തോട് ചേര്‍ന്നുനിന്ന് ആ മുഹിബ്ബിനെ സര്‍വതലത്തിലും സ്വീകരിക്കുകയാണല്ലോ. അത് ആനുപാതികമായി കുറഞ്ഞുവരുന്നതായാണ് അനുഭവം.

തിരുനബി(സ്വ)യുടെ സീറയും അവിടുത്തെ ജീവിതവും വീണ്ടും വീണ്ടും വായിക്കുന്നത് നമ്മില്‍ ഒരുപാട് മാറ്റമുണ്ടാക്കും. തിരുനബിയെ ഏറ്റവും കൂടുതല്‍ കാലം ഖിദ്മത്ത് ചെയ്ത സ്വഹാബിയാണ് അനസ്ബ്‌നു മാലിക്(റ). അദ്ദേഹം ഇറാഖിലെ ബസ്വറയിലാണ് പില്‍ക്കാലത്ത് ജീവിച്ചത്. 94ാമത്തെ വയസിലാണ് വഫാത്താവുന്നത്. ഒരു ഖാദിമിനോട് തിരുനബി സ്വീകരിച്ച ഉദാത്തമായ സമീപനത്തിന്റെ മാതൃകയാണ് അനസ്ബ്‌നു മാലിക്(റ). പത്തുവയസ്സുമുതല്‍ തിരുനബിയുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ഖാദിമാണ്. തിരുനബി(സ്വ) ഈ ഖാദിമിന് കൊടുത്ത പരിഗണന സ്വഹീഹുല്‍ബുഖാരിയില്‍ ബാബുദ്ദുആഇ ലി അനസ് എന്ന പേരില്‍ പ്രത്യേകം അദ്ധ്യായമായി തന്നെ ഉള്‍പ്പെടുത്തിക്കാണാം. ആ അദ്ധ്യായത്തില്‍ ഒരു ദുആ കാണാം: അല്ലാഹുമ്മ ബാരിക് ലഹു ഫീ മാലിഹി / വബാരിക് ലഹു ഫീ വലദിഹി /വബാരിക് ലഹു ഫീ ഉംരിഹി. ഈ മൂന്നും പുലര്‍ന്നു. അനസ്ബ്‌നു മാലിക്(റ) 94ാം വയസ്സില്‍ വഫാതാവുന്നു. തൊണ്ണൂറ്റിനാലോ തൊണ്ണൂറ്റി രണ്ടോ മക്കളുണ്ടായി എന്നാണ് ചരിത്രം. അനസ് ബ്‌നുമാലിക്(റ) അന്നുണ്ടായിരുന്ന ഭരണാധികാരിയെക്കാള്‍ പ്രൗഢിയോടെ ജീവിച്ചിരുന്ന ആളാണ്. ബസ്വറയില്‍ അദ്ദേഹത്തിന്റെതു മാത്രമായിരുന്നു രണ്ടുപ്രാവശ്യം വിളവെടുക്കാന്‍ പറ്റുന്ന തോട്ടം. ഇത്രയും പ്രൗഢമായ ജീവിതത്തിനിടയിലും നബി(സ്വ)തങ്ങളില്‍ നിന്നു പകര്‍ത്തിയ ആ വിനയം കൈവിട്ടിരുന്നില്ല. രുചികരമായ ഭക്ഷണം അനസ്(റ)വിന്റെ മുന്നില്‍ കൊണ്ടുവെക്കുന്നു. അപ്പോള്‍ അനസ്(റ) കരയുന്നു. കാരണം തിരക്കിയപ്പോള്‍ എന്റെ തിരുനബി(സ്വ)യുടെ സുപ്രയില്‍ ഇത്രയും രുചികരമായ ഭക്ഷണം ഞാന്‍ കണ്ടിട്ടില്ല, ഇത്രയും മയമുള്ള റൊട്ടിയും ഇത്ര നന്നായി പാചകം ചെയ്ത മാംസവും നബി(സ്വ)യുടെ സുപ്രയില്‍ ഞാന്‍ കണ്ടിട്ടില്ല. അതോര്‍ത്തിട്ടാണ് എനിക്കു കരച്ചില്‍ വന്നത് എന്നായിരുന്നു മറുപടി. തിരുനബി(സ്വ)യുടെ ജീവിതം ഹൃദയത്തിലുള്ളതുകൊണ്ട് ഇത്രയും വലിയ സൗകര്യങ്ങള്‍ക്കിടയിലും അനുവദിക്കപ്പെട്ട ഹലാലുകള്‍ അനുഭവിക്കുമ്പോഴും ആ വിരക്തമനസ്സ് നിലനിര്‍ത്താന്‍ കഴിയുന്നു. സൗകര്യങ്ങള്‍ക്കിടയിലെ സുഹ്ദ് (പരിത്യാഗം) ചെറിയ കാര്യമല്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരേക്കാള്‍ പ്രയാസമാണല്ലോ സമ്പന്നരായവര്‍ക്ക് സുഹ്ദ് അനുവര്‍ത്തിക്കാന്‍. അവര്‍ക്കാണ് തിരുനബി ഒന്നുകൂടി ഉദാഹരണമാകുന്നത്. തിരുനബിക്ക് വേണമായിരുന്നെങ്കില്‍ കിട്ടുമായിരുന്നല്ലോ. അവിടത്തോട് മലകള്‍ ചോദിച്ചു കനകമായി വരട്ടേ എന്ന്. വേണ്ട എന്ന് പറഞ്ഞു. ആ പരിത്യാഗത്തെ മറികടക്കാന്‍ അവിടത്തെ ആവശ്യങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതാണ് യഥാര്‍ത്ഥത്തില്‍ നമുക്ക് ഇന്നത്തെ സമൂഹത്തിന് നല്‍കാനുള്ള സന്ദേശം. ഒരു പക്ഷേ അതേറ്റെടുക്കാന്‍ ഇശ്ഖ്‌കൊണ്ടു മാത്രമേ കഴിയൂ.

ഭൂരിപക്ഷം വരുന്ന പാരമ്പര്യ മുസ്‌ലിംകള്‍ക്ക് കേട്ടും കണ്ടും പ്രപിതാക്കളില്‍ നിന്ന് കിട്ടിയ വികാരം, സ്‌നേഹം, അടുപ്പം എന്നിവയൊക്കെ ഉണ്ടെങ്കിലും ആരാണ് തിരുനബി(സ്വ) എന്നറിയാന്‍ അവരില്‍ പലരും സമയം വിനിയോഗിക്കുന്നില്ല. തിരുനബി എന്ന് പറയുമ്പോള്‍ അവര്‍ വികാരപ്പെടുന്നുണ്ട്. സ്വലാത്ത് ചൊല്ലുന്നുണ്ട്. പക്ഷേ ഈ ഹബീബ് വായിക്കപ്പെടുന്നില്ല. വായിക്കുമ്പോഴാണല്ലോ തിരുനബിയുടെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയുണ്ട് എന്നു മനസ്സിലാവുക. യാത്രയിലും മറ്റും ആളുകളോട് തിരുനബിയുടെ കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും കഥകള്‍ പറയുമ്പോള്‍ ഇങ്ങനെയൊക്കെയുണ്ടോ എന്നവര്‍ കൗതുകപ്പെടുകയാണ്. ഇത് അസഹിഷ്ണുതയുടെ കാലമാണല്ലോ. മക്കാവിജയത്തിന്റെ അന്ന് അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ, അബൂലഹബിന്റെ മക്കള്‍, ഹംസ(റ)വിനെ കൊന്ന വഹ്ശിയും ഹിന്ദും… ഇങ്ങനെ തുടങ്ങി ഒരുപറ്റം ബദ്ധവൈരികള്‍ വന്ന് ഞങ്ങള്‍ വരട്ടെ എന്ന് ചോദിക്കുമ്പോള്‍ വരൂ എന്ന് പറയുന്നൊരു സംസ്‌കാരം. ലോകത്ത് വേറെയെവിടെയും നമുക്ക് വായിക്കാന്‍ കഴിയില്ല. ഇതൊന്നും മുസ്‌ലിംകള്‍ക്കു പോലും അറിയാതെ പോവുകയാണ.്

സയ്യിദുല്‍ബശര്‍ നല്ലൊരു പുസ്തകമാണ്. സീറാ ഗ്രന്ഥങ്ങളിലെല്ലാം വരുന്ന റഫറന്‍സുകള്‍ മുഴുവനും ഉള്‍പ്പെടുത്തി യൂസുഫ് സ്വാലിഹി അശ്ശാമി രചിച്ച സുബുലുല്‍ഹുദാ വര്‍റശാദ് ആസ്വാദനവും സീറയും താരീഖും ഒന്നാകെയുള്ള ഒരു ഗ്രന്ഥമാണ്. അതില്‍ ആസ്വാദനവും ചരിത്രവുമുണ്ട്. ഒരു മുഹിബ്ബിന് കരയാനുള്ളതുണ്ടാവും. ചരിത്രകാരന് വിവരങ്ങള്‍ കിട്ടാനുമുണ്ടാവും.
നമുക്ക് കഅ്ബാലയം പൊളിക്കാന്‍ വന്നവരുടെ അനുഭവം ഓര്‍ക്കാം, ചെറിയ കല്ലുകൊണ്ടാണ് അവരെ ഇല്ലാതാക്കുന്നത്. അതേ ഭൂമിയില്‍ പിന്നീട് കൊല്ലാന്‍ വന്നവര്‍ക്ക് മണല്‍തരിയെറിഞ്ഞ് വിശ്രമം നല്‍കുകയാണ് തിരുനബി ചെയ്തത്. വലിയ സന്ദേശം നല്‍കുന്നുണ്ട് ഈ സംഭവം. കൊല്ലാന്‍ വന്നവര്‍ക്ക് വിശ്രമം കൊടുക്കുക. അവരുറങ്ങിക്കോട്ടെ. തിരുനബി വാരിയെറിഞ്ഞ മണല്‍ത്തരികള്‍ കൊണ്ട് അവരെ കൊല്ലാമായിരുന്നു. അങ്ങനെയും ഒരു ചരിത്രമുണ്ട് തൈ്വറുന്‍അബാബീലില്‍. അവിടെയാണ് തിരുനബിയുടെ അതുവേണ്ട എന്റെ ഉമ്മത്തിന് എന്ന നിശ്ചയം പ്രധാനമാകുന്നത്. ഇങ്ങനെ ചിന്തിക്കുകയും അങ്ങനെ അവര്‍ക്ക് വിഷമമൊന്നും ഉണ്ടാക്കാതെ നാടുവിട്ടുപോവുകയും ചെയ്യുന്ന ഒരു നേതാവിനെ ലോകം അറിയേണ്ടതുണ്ട്.

ബറേല്‍വി ശരീഫിലെ ഒരു ഹദീസ് ക്ലാസ്. തുര്‍മുദിയുടെ ദര്‍സാണ.് എന്തെങ്കിലും സംശയം ചോദിച്ചാല്‍ അല്ലാഹ്, തിരുനബിയുടെ ഹദീസിനെക്കുറിച്ച് പറയാന്‍ എനിക്ക് കഴിയില്ല. എന്റെയടുക്കല്‍ ഒന്നുമില്ല. തിരുനബി പറഞ്ഞതിനെക്കുറിച്ച് ഞാനെന്താ പറയുക… അങ്ങനെ മറുപടിക്ക് മുമ്പ് ഹദീസിന്റെ മഹത്വമാണ് ഉസ്താദ് സ്വാലിഹ് സാഹിബ് പറയുക. പിന്നെ പറയുന്ന ഓരോ വാക്കും നിധിയായിരിക്കും. ഉസ്താദ് ഇന്നും ജീവിച്ചിരിക്കുന്ന ആളാണ്. കുട്ടികള്‍ രണ്ടാമത്തെ സ്വഫിലാണല്ലോ നില്‍ക്കേണ്ടത്. ഒന്നാം സ്വഫില്‍, അവ്വല്‍ ജമാഅത്ത്, അവ്വല്‍ തക്ബീര്‍ പതിറ്റാണ്ടുകളായി പാലിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരിക്കല്‍ നിസ്‌കാരത്തിന് നില്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്വഫില്‍ ഒരു കുട്ടി വന്നുനിന്നു.പിന്നില്‍ പോയിനില്‍ക്കാന്‍ ആളുകള്‍ പറഞ്ഞു. അപ്പോള്‍ കുട്ടി ഇറങ്ങിപോയി. സ്വാലിഹ് സാഹിബ് കുട്ടിയുടെ പിന്നാലെ പോയി. അന്നദ്ദേഹത്തിന് അവ്വല്‍ തക്ബീര്‍ നഷ്ടപ്പെട്ടു. അപ്പോള്‍ ആളുകള്‍ ചോദിച്ചു. നിങ്ങള്‍ എത്രയോ നാളുകള്‍ ഇങ്ങനെ അവ്വല്‍ തക്ബീര്‍ നിസ്‌കരിക്കുന്ന ആളാണ്. എന്തിനാണ് ആ കുട്ടിയുടെ പിറകെ പോയത്?

‘ആ കുട്ടി നിസ്‌കരിക്കൂല എന്നുപറഞ്ഞല്ലേ പോയത്. ഇനി ആ കുട്ടി ജീവിതത്തില്‍ പള്ളിയിലേക്ക് വന്നില്ലെങ്കിലെന്താ ചെയ്യുക. ഞാനതിന് സാക്ഷിയാവേണ്ടിവരുമല്ലോ. കുട്ടിയെ അണച്ചുനിര്‍ത്തി ഞാനടുത്തുനിര്‍ത്തി നിസ്‌കരിപ്പിക്കാം.’
മോന്‍ വരികയെന്നു പറഞ്ഞ് ആ കുട്ടിയെ സാന്ത്വനിപ്പിച്ചുകൊണ്ടുവന്ന് കൂടെ നിര്‍ത്തി നിസ്‌കരിപ്പിക്കുന്നു. ഇത് ശരിക്ക് തിരുനബിയെ അങ്ങ് ആവാഹിക്കുകയാണ്.

ഈമാനിനെ അല്ലാഹുതആല തിരുനബിയോട് ബന്ധിച്ചത് ഇത്തിബാഅ് കൊണ്ടാണ്. യുക്തി മുന്നില്‍ വെച്ചുകൊണ്ടല്ല. അതാണ് ആഗോളതലത്തില്‍ ഇസ്‌ലാമിനെ പ്രചരിപ്പിച്ചതിലും വലിയ പങ്കുവഹിച്ചത്. ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി(റ) അജ്മീര്‍ മലയില്‍ വന്നിരുന്നിട്ടേയുള്ളൂ. സംഭാഷണങ്ങളില്ല. പ്രസംഗങ്ങളില്ല. ഏകാന്തമായ ധ്യാനത്തിലാണ്. മലകയറിവരുന്ന ആള്‍ ഒരു സാത്വികനെ കാണുന്നു. അതാണ് ഇസ്‌ലാം. അതില്‍നിന്ന് ഇങ്ങനെ പകര്‍ന്നുപകര്‍ന്ന് പോവുകയാണ്. ഇതാണ് ഇന്ത്യയിലെ ഭൂരിപക്ഷം വിശ്വാസികളെയും ഹിദായത്തിലേക്ക് കൊണ്ടുവന്ന സ്ട്രീം.

ഇമാം അഹ്മദ് റിളാഖാന്‍(റ) തിരുനബിയെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്ന രീതിക്ക് അതുല്യമായ മധുരമുണ്ട്. സൂഫികളുടെ ഖാന്‍ഗാഹുകളില്‍നിന്ന് ജനങ്ങള്‍ക്ക് കിട്ടിയത് തര്‍ബിയത്തിന്റെ, മഹബ്ബത്തിന്റെ പ്രത്യേക ധാരയാണ്. ഇമാം അഹ്മദ് റിളാഖാന്‍(റ) ഒരിക്കല്‍ ചോദിക്കുന്നുണ്ട്. ആകാശത്തിന്റെ നടു ഇങ്ങനെ വളഞ്ഞുപോയതെന്തേ? ആകാശവും ഭൂമിയും തമ്മിലുള്ള സംഭാഷണം കാവ്യവല്‍കരിക്കുന്നു. ഭൂമി വാദിക്കുകയാണ്: ഞാനാണ് ഏറ്റവും അധികം മഹത്വമുള്ളയാള്‍. കാരണം എന്റെ പള്ളയിലാണ് തിരുനബി ഉറങ്ങുന്നത്. അപ്പോള്‍ ആകാശം പറയുകയാണ്: എനിക്ക് തിരുനബിയുടെ മദീനയുടെ മേലെ ഇങ്ങനെ പോയി നില്‍ക്കാന്‍ കഴിയും. പക്ഷേ അവിടെ ചെല്ലുമ്പോള്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ടാണെന്റെ നടു വളഞ്ഞുപോയത്. ചന്ദ്രന്‍ പറയുകയാണ്: ഞാന്‍ ഇങ്ങനെ വളര്‍ന്നുവളര്‍ന്ന് പതിനാലാം രാവിലെത്തുമ്പോള്‍ മദീനയുടെ നേരെ മുകളിലായിപ്പോയോ എന്ന് ആശങ്കപ്പെടും. പിന്നെ ഞാന്‍ ചെറുതാകുവാന്‍ തുടങ്ങും.
ഈ പ്രപഞ്ചത്തെ മുഴുവനും തിരുനബിയുമായി ബന്ധപ്പെട്ട പ്രമേയമാക്കിയിട്ടാണ് ആത്മജ്ഞാനികള്‍ അവതരിപ്പിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ മുഴുവനും തിരുനബിയിലേക്ക് ചേരും. നിയമപുസ്തകങ്ങള്‍ വായിക്കുന്നതിനെക്കാള്‍ തിരുനബിയെ അനുഭവിക്കുകയാണ് ആത്മജ്ഞാനികള്‍. തിരുനബിയുടെ ജീവിതത്തെ അവരുടെ ജീവിതത്തില്‍ സജീവമാക്കും. അവരുടെ ഉള്ളിലെ തിരുനബിയാണ് ലോകത്തെ ഇസ്‌ലാമിലേക്ക് വിളിക്കുന്നത്. അവര്‍ ഫനാഇലാണ്. തിരുനബിയിലേക്കാണവര്‍ ഫനാഇലായത്. തിരുനബി അവരിലൂടെ നമ്മെ വിളിക്കുകയാണ്. അതായിരിക്കണം; പുസ്തകങ്ങള്‍ വായിച്ച് വന്നതിനെക്കാള്‍ കൂടുതല്‍പേര്‍ ആത്മജ്ഞാനികളെ കണ്ട് ഇസ്‌ലാമിലേക്ക് വന്നത്.

തഫ്‌സീറെ നഈമി എന്ന പേരില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനമുണ്ട് ഉറുദുവില്‍. ഓരോ ആയത്തിന്റെയും പശ്ചാത്തലത്തില്‍ തിരുനബിയെക്കുറിച്ച് ആലോചിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനമാണ് തഫ്‌സീറെ നഈമി. അഹ്മദ് യാറുഖാന്‍ നഈമിയാണ് ഗ്രന്ഥകാരന്‍. ഈ പ്രമേയം ചര്‍ച്ച ചെയ്യുന്ന വേറൊരു ഗ്രന്ഥമുണ്ട് അദ്ദേഹത്തിന്; ശാനെ ഹബീബുര്‍റഹ്മാന്‍ മിന്‍ ആയാതില്‍ ഖുര്‍ആന്‍. ഖുര്‍ആനിലെ ആയത്തുകളുടെ ഘടനയില്‍ തന്നെ തിരുജീവിതത്തിന്റെ സ്പന്ദനം വായിച്ചെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. മുസ്സമ്മില്‍ സൂറത്തിന്റെ ആദ്യവരി നോക്കുക. തിരുനബി വഹ്‌യ് സ്വീകരിച്ച് വന്ന് ക്ഷീണിച്ചുകിടക്കുകയാണല്ലോ. രോഗിയായി കിടക്കുന്ന കൂട്ടുകാരന്റെ അടുത്തു നാം ചെല്ലും. കുറേ നേരം മിണ്ടാതിരിക്കും. പിന്നെ എങ്ങനെയുണ്ട്, സുഖമല്ലേ എന്നു ചോദിക്കും. പിന്നെയും മിണ്ടാതിരിക്കും. തുടര്‍ന്ന് മരുന്നൊക്കെ കഴിക്കുന്നില്ലേന്നാവും ചോദ്യം. വീണ്ടും നിശ്ശബ്ദത. പിന്നെ ഇങ്ങനെ കിടന്നാ മതിയോ. പുറത്തിറങ്ങി പൊതുപ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടേ എന്നൊക്കെ ചോദിക്കും. ഈയൊരു സാന്ത്വനഭാഷണപ്രകൃതം യാ അയ്യുഹല്‍ മുസമ്മില്‍ എന്ന സൂറത്തില്‍ കാണാം. അന്നേരത്തെ തിരുനബിയുടെ അവസ്ഥ ആ സൂറത്തില്‍ പ്രകടമാണ്. എന്താ നിങ്ങള്‍ കിടക്കുകയാണോ? എഴുന്നേറ്റു പോവുകയല്ലേ. നിസ്‌കരിക്കുക. തുണിയൊക്കെ നേരെ ഉടുക്കുക. ഈ സ്വരമല്ലേ ആ വാക്യങ്ങളില്‍ കാണുന്നത്? അത് ഓതുമ്പോള്‍ തന്നെ അല്ലാഹുതആല തിരുനബിയെ സാന്ത്വനിപ്പിക്കുന്നത് നമുക്ക് അനുഭവിക്കാം. അതാണ് ആഇശ(റ)പറഞ്ഞത്. ‘തിരുനബിയുടെ സ്വഭാവം തന്നെ ഖുര്‍ആനായിരുന്നു.’ ഈ ഹദീസിനെ ഇങ്ങനെ വായിച്ചുനോക്കുമ്പോള്‍ എന്തു രസമാണ്.

തിരുനബിയുടെ ഓരോ അവയവത്തിനും അവസ്ഥക്കും ലക്ഷം സലാം പറയുന്ന കവിതയാണ് ഇമാം അഹ്മദ് റിളാഖാന്‍(റ)ന്റെ സലാമെ റസാ. ആദ്യത്തെ വരിതന്നെ മുസ്തഫാ ജാനെ റഹ്മത്ത്. റഹ്മത്തിന്റെ ആത്മാവായി തിരുനബിയെ വിശേഷിപ്പിക്കുന്നു. പിന്നെ തിരുനബിയുടെ ഓരോ അവയവത്തിനും ലക്ഷം സലാം പറയുകയാണ്. തിരുനബിയുടെ നോട്ടം എവിടെയെത്തുന്നോ ആ സ്ഥലം പുണ്യമുള്ളതായി മാറുന്നു. അങ്ങനെയുള്ള കണ്ണിന്റെ ഉടമക്ക് ലക്ഷം സലാം നേരുന്നു കവി. അത് ഒരു അലങ്കാരവാക്യമല്ല. തിരുനബിയുടെ നോട്ടം പതിക്കവേ ഹിദായത്ത് കിട്ടിയ സ്വഹാബികളുണ്ട്. നോട്ടത്തില്‍ തന്നെ ഒന്നാകെ മാറിപ്പോയ ആളുകളുണ്ട്. അതിലൊരാളാണ് സൈദുനില്‍ഖീല്‍. നബിതങ്ങളെ കൊല്ലാന്‍ വന്ന ഒരു പോക്കിരിയായിരുന്നു. അവിടുന്ന് അയാളെ സ്വീകരിച്ചു. അയാളില്‍ ആകെയുള്ള രണ്ട് ഗുണങ്ങളും തിരുനബി പറഞ്ഞു. അതോടെ അയാള്‍ ആകെ മാറി. അത് തിരുനബിയുടെ നോട്ടമാണ്. ഇതേപോലെ ഒരുപാട് ആളുകളുണ്ട്. ഒരു നോട്ടം, ഒരു സ്പര്‍ശം ഇതിനെല്ലാം ലക്ഷം സലാം പറയുന്ന കവിതയാണ് സലാമെ റസാ.
തിരുനബിയെക്കുറിച്ച് ആലോചിച്ചുപോയാല്‍ ഇങ്ങനെ അതിശയകരമായ എന്തെല്ലാം കാര്യങ്ങള്‍. എല്ലാം അവിടത്തോടുള്ള അനുരാഗത്തിന് തീവ്രത പകരുന്നവ. അല്ലാഹു നമ്മെ അവിടുത്തോടൊപ്പം സഹവസിക്കാന്‍ ഭാഗ്യം ലഭിക്കുന്നവരില്‍ ഉള്‍പ്പെടുത്തട്ടേ.

risalaonline.com

BLOG COMMENTS POWERED BY DISQUS