അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അവതരണം നടന്ന മാസം എന്നതാണ് റമളാനിന്റെ വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ റമളാനിലെ പ്രധാന ആരാധനയാണ് വിശുദ്ധ വേദപാരായണം. ഇതര മാസങ്ങളിലും ഇത് ഏറെ ശ്രേഷ്ഠമാണെങ്കിലും അവതരണ മാസത്തില്‍ പ്രത്യേക പുണ്യം അര്‍ഹിക്കുന്നു. അതുകൊണ്ട് ലഭിക്കുന്ന ഏതാനും ഗുണങ്ങള്‍ വിലയിരുത്താം.

മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി).

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന് നാം കാണുന്നതു പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ല.