Warning: count(): Parameter must be an array or an object that implements Countable in /misc/10/000/208/119/1/user/web/786.sunnionlineclass.com/libraries/cms/application/cms.php on line 464

ഇസ്ലാം കാര്യങ്ങള്‍

Islam
Typography

സത്യവിശ്വാസിയുടെ അനുഷ്ഠാനങ്ങളില്‍ അടിസ്ഥാനപരമായതു അഞ്ചെണ്ണമാണ്. സ്വയം പ്രചോദിതനായി മാത്രം വിശ്വാസിയില്‍ ഉണ്ടാകേണ്ടതാണവ. അതില്‍ ഒന്നാമത്തേത് സത്യസാക്ഷീകരണം അഥവാ ശഹാദത്താണ്.

വിശ്വാസിയാകുന്നതിന്‍റെ തന്നെ അടിസ്ഥാന ഘടകമാണിത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന സത്യവചനത്തെ മനസ്സാ വാചാ ഏറ്റെടുക്കലാണിത്. അല്ലാഹു മാത്രമാണ് ഇലാഹെന്നും മുഹമ്മദ് നബി(സ്വ) അവന്‍റെ ദൂതരാണെന്നുമുള്ള സാക്ഷീകരണം അനുഷ്ഠാന വിഭാഗത്തിലാണുള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാഹുവില്‍ നിന്ന് നബി(സ്വ)യിലൂടെ ലഭ്യമായ പാഠങ്ങളൊക്കെ സത്യമാണെന്ന അംഗീകാരവും ഇതിലടങ്ങിയിട്ടുണ്ട്. ഈ പരമസത്യത്തെ അംഗീകരിക്കുക വഴി ഒരു വിനീത ഭാവത്തെയാണ് വിശ്വാസി സ്വീകരിക്കുന്നത്. അതൊരു തരത്തിലും അക്രമവാസന വളര്‍ത്തുന്നില്ല. അതിനാല്‍ അല്ലാഹുവിലും മുഹമ്മദ് നബി(സ്വ)യിലുമുള്ള വിശ്വാസത്തിന് സ്വാര്‍ത്ഥതകളില്‍ നിന്നു മുക്തമായ ഒരസ്തിത്വമുണ്ട്.

നിസ്കാരം

അഞ്ചു നേരത്തെ നിസ്കാരം സത്യവിശ്വാസത്തിന്‍റെ പ്രത്യക്ഷത്തിലുള്ള പ്രധാന അടയാളമാണ്. നിസ്കാരത്തിന് അനുഷ്ഠാന കര്‍മമെന്നതിലുപരി ആത്മ ശിക്ഷണപരമായ ഒരവസ്ഥയുണ്ട്. അത് വിശ്വാസിയെ ഒരു ചിന്തയില്‍ കേന്ദ്രീകരിക്കുന്നവനാക്കുകയും ഭക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ജീവിതയാത്രയിലെ ഏതനുഭവങ്ങള്‍ക്കും സ്വാഭാവികമായ ചില സ്വാധീനങ്ങളുണ്ട്. അംഗീകാരവും സ്വീകാര്യതയും ആദരണീയതയും അവഹേളനവും വിജയവും പരാജയവും വീഴ്ചയും വാഴ്ചയും തുടങ്ങി എന്തും സംഭവിക്കാം. ഇടക്കിടെ വരുന്ന നിസ്കാരങ്ങള്‍മൂലം അത്യുന്നതനായ ഒരു യജമാനന്‍റെ മുന്നില്‍ വിനീതനാകുന്നതോടെ എല്ലാ തരം നെഗളിപ്പുകളുടെയും മുനയൊടിക്കുന്നു. ഒരു നാഥന്‍ തനിക്കവലംബമായുണ്ടെന്ന വിചാരം ആത്മവിശ്വാസവും മനഃസമാധാനവുമാണ് നല്‍കുക.

നിസ്കാരം ഹീനകൃത്യങ്ങളില്‍ നിന്നും വെറുക്കപ്പെട്ടവയില്‍ നിന്നും തടയുന്നുവെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. അക്രമി, അഹങ്കാരി എന്നിങ്ങനെ യുള്ള അധമരുടെ പട്ടികയില്‍ ചേരാനിടവരുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്കരിക്കുന്നവരില്‍ നിന്നുണ്ടാവില്ല. ‘വിശ്വാസിയായിരിക്കെ മോഷണം നടത്തില്ല, കൊള്ള നടത്തില്ല’ (അബൂദാവൂദ്) എന്ന ഹദീസിന്‍റെ വിശദീകരണത്തില്‍ മോഷ്ടാവ്, കൊള്ളക്കാരന്‍ തുടങ്ങിയ പാപ വിശേഷണങ്ങളായിരിക്കും അവനപ്പോള്‍ ഇണങ്ങുക. അത്തരത്തിലുള്ള ഒരു മോശാവസ്ഥയില്‍ നിന്നു വിശ്വാസിയെ നിസ്കാരം സുരക്ഷിതനാക്കുകയാണ്. ദുഷ്കൃത്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാണ് നിസ്കാരം കാരണമാവുക എന്നര്‍ത്ഥം. നിസ്കാരം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായും അക്രമവും പീഡനവും വരുന്നില്ല.

സകാത്ത് നല്‍കല്‍

സമ്പത്തുമായി ബന്ധപ്പെട്ട ബാധ്യതയാണ് സകാത്ത്. സമ്പന്നന്‍ നിശ്ചിത അവകാശികള്‍ക്ക് നല്‍കേണ്ട ബാധ്യതയാണത്. സത്യവിശ്വാസി തന്‍റെ സമ്പത്തില്‍ നിന്ന് നിശ്ചിത വിഹിതം നിര്‍ദേശിക്കപ്പെട്ട പ്രകാരം ദാനം ചെയ്യുന്നു. ഒരു കൊടുക്കല്‍, വാങ്ങലിന്‍റെ പ്രശ്നം ഇതിലുണ്ട്. അവകാശിക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നതില്‍ ക്രമവിരുദ്ധത വരുന്നില്ല. മറിച്ച് സഹായവും സന്തോഷവുമാണ് ഇത് കാരണമായി അപരന് ലഭിക്കുന്നത്. സകാത്ത് എന്ന നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കുന്നവന്‍റെ മനസ്സിലുണ്ടാകേണ്ടത്, തന്‍റെ സമ്പത്തിന്‍റെ ശുദ്ധീകരണത്തിന് ഇടനിലക്കാരനായവനോട് നല്ല സമീപനമാണ്. സ്വന്തം പ്രയാസം ലഘൂകരിക്കാന്‍ കാരണക്കാരനായ ദാതാവിനോട് തിരിച്ചും നല്ല വിചാരം തന്നെയാണ് ദരിദ്രനിലും ഉത്ഭൂതമാവുക. ഇസ്ലാം വളരെ പ്രോത്സാഹിപ്പിച്ച ഐഛിക ദാനമായ സ്വദഖയും സ്നേഹവും സന്തോഷവുമാണ് പകരുന്നത്.

വ്രതാനുഷ്ഠാനം

റമളാനിലെ നോമ്പനുഷ്ഠാനം നിര്‍ബന്ധമാണ്. നിബന്ധനകളൊത്തവര്‍ അതനുഷ്ഠിക്കുന്നു. നോമ്പനുഷ്ഠിക്കുന്നുവെന്നത് കലാപകാരണമാണെങ്കില്‍ വിശ്വാസികളെല്ലാം കലാപകാരികളാണെന്നു വരും. എന്നാല്‍ ആത്മശിക്ഷണവും പരിചരണവും ആത്മീയമായൊരു ശുദ്ധീകരണവുമാണത്. അപരന്‍റെ ദുഃഖങ്ങളറിയാനും മനസ്സലിയാനും കൂടി ഇത് കാരണമാകുന്നു. സാമൂഹികമായും സാംസ്കാരികമായും നല്ല പ്രതിഫലനം സൃഷ്ടിക്കാനുപകരിക്കുന്നതാണ് നോമ്പനുഷ്ഠാനം. അതൊരു അരുതായ്മക്കോ അതിക്രമത്തിനോ കാരണമാകുന്നില്ല. നോമ്പനുഷ്ഠാനത്തിന്‍റെ സാധുതക്ക് അത്തരത്തിലൊരു നിര്‍ദേശവുമില്ല.

ഹജ്ജനുഷ്ഠാനം

സാമ്പത്തികവും ശാരീരികവും സാഹചര്യപരവുമായ സൗകര്യങ്ങളൊത്തിണങ്ങിയവന് ഹജ്ജനുഷ്ഠാനം നിര്‍ബന്ധമാണ്. തന്‍റെ യജമാനന്‍റെ അതിവിശിഷ്ട ഭവനത്തിലേക്കാണവന്‍ തീര്‍ത്ഥയാത്ര നടത്തുന്നത്. എല്ലാ പാപങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും മോചനം തേടിയും നേടിയും നടത്തുന്ന മഹത്തായൊരു കര്‍മം. ഒരു ജീവിക്കും പോറലേല്‍പ്പിച്ച് കൂടാ എന്നു നിബന്ധനയുണ്ടതിന്. തികഞ്ഞ അച്ചടക്കവും ആത്മശിക്ഷണവും ശീലിച്ച് നടത്തുന്ന ഒരു കര്‍മം അക്രമത്തിനെങ്ങനെയാണ് കാരണമാവുക?

ഈമാന്‍ കാര്യങ്ങള്‍, ഇസ്ലാം കാര്യങ്ങള്‍ എന്നു എണ്ണിപ്പറഞ്ഞ പതിനൊന്ന് കാര്യങ്ങള്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും അക്രമത്തിന്‍റെ ആവശ്യമില്ലെന്നു ചുരുക്കം. അവയുടെ പ്രചോദനമായും അക്രമം ഉത്ഭവിക്കുന്നില്ല.

പ്രാര്‍ത്ഥനകള്‍

അല്ലാഹുവിനോട് അടിമ നടത്തുന്ന അതിവിനീയമായ അപേക്ഷയാണ് പ്രാര്‍ത്ഥന. അത് ഒരു തരത്തിലും അക്രമപരമാകാന്‍ സാധ്യതയില്ല. പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നാണു നിസ്കാര ശേഷമുള്ളത്. അതില്‍ ‘അല്ലാഹുവേ നീ സലാം (രക്ഷ) ആണ് നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും. നിന്നിലേക്കാണ് രക്ഷയുടെ അവലംബം. നാഥാ, നീ ഞങ്ങളെ സുരക്ഷയിലും സമാധാനത്തിലും ജീവിപ്പിക്കേണമേ. രക്ഷയുടെയും സമാധാനത്തിന്‍റെയും ഭവനത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കേണമേ’ (ഇഹ്യാഅ്) എന്നു പറഞ്ഞിട്ടുണ്ട്. മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ നടത്തുന്ന സലാം പറയല്‍ സമാധാന പ്രാര്‍ത്ഥനയും ആശംസയുമാണ്.

BLOG COMMENTS POWERED BY DISQUS